തിരുവനന്തപുരത്ത് ബൈക്ക് യാത്രക്കാരെ കാറിടിപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും അപകടത്തിന് ശേഷം നിർത്താതെ പോയതിനുമാണ് കേസെടുത്തിരിക്കുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചു.
പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ പോലീസ് തീരുമാനിക്കുക. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.വാഹനാപകടം നടന്ന സമയത്ത് മണിയൻപിള്ള രാജു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് ട്രിവാൻഡ്രം ക്ലബ്ബിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി.
ഇതോടെ ഡ്രൈവർ മാറിയെന്ന തരത്തിലുള്ള സംശയങ്ങൾ നീങ്ങി. നിലവിൽ അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
