2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഉപാധികളോടെ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ എസിസി വരുമാന വിഹിതം വർദ്ധിപ്പിക്കണമെന്നും, ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രധാന ആവശ്യങ്ങൾ.
ഐസിസിയിൽ നിന്നുള്ള വാർഷിക വരുമാനത്തിന് പുറമെയാണിത്. പിസിബിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ്വിദേശ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.ബിസിസിഐയുടെ നിലപാട് വ്യക്തമാക്കി വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രംഗത്തെത്തി.
ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരവുമായി ബന്ധപ്പെട്ട് ഐസിസി (ICC) കൈക്കൊള്ളുന്ന ഏത് തീരുമാനവും ബിസിസിഐ അംഗീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദ്ദേശങ്ങൾക്കൊപ്പം നിൽക്കുമെന്നും ശുക്ല വ്യക്തമാക്കി.
പാകിസ്ഥാൻ ഉന്നയിച്ച ഉപാധികളിൽ ഐസിസി, പിസിബി, ബിസിസിഐ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ശേഷം ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ വിസമ്മതിക്കുന്ന പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഐസിസി (ICC) രംഗത്തെത്തി.
സർക്കാർ നിർദ്ദേശപ്രകാരം ഇന്ത്യയുമായി കളിക്കാനാവില്ലെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ (PCB) വാദത്തെ ഐസിസി തള്ളി.ഫെബ്രുവരി 15-ലെ മത്സരം ബഹിഷ്കരിച്ചാൽ വലിയ സാമ്പത്തിക പിഴയും പാകിസ്ഥാന്റെ ഐസിസി മെമ്പർഷിപ്പ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് പാകിസ്ഥാൻ തങ്ങളുടെ നിലപാടിൽ അയവ് വരുത്തിയതായും സൂചനയുണ്ട്.
