ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച യുഎസ്എ ടീമിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തോൽവിയിലും ടീം പുലർത്തിയ കരുത്തിനെ അഭിനന്ദിച്ച ട്രംപ്.
ഫെബ്രുവരി 8-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് യുഎസ് ടീമിന് ആശംസകൾ നേർന്നെങ്കിലും, അതിനോടകം തന്നെ വാംഖഡെയിൽ നടന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ 29 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
ലോകകപ്പ് നടക്കുന്നത് ഇപ്പോഴാണ് അറിഞ്ഞതെന്നു പറഞ്ഞ ട്രംപിന്റെ പോസ്റ്റ് കളി കഴിഞ്ഞതിന് പിന്നാലെയാണ് വന്നത്.വാംഖഡെയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടോപ്പ് ഓർഡറിനെ വിറപ്പിക്കാൻ യുഎസ്എക്ക് സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റിന് 161 റൺസെടുത്തു.
അഭിഷേക് ശർമ്മ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ പരാജയപ്പെട്ടപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.49 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയെ രക്ഷിച്ചത്. സൗരഭ് നേത്രാവൽക്കർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസ് അടിച്ചുകൂട്ടിയാണ് അദ്ദേഹം ടീം സ്കോർ 150 കടത്തിയത്.
മറുവശത്ത്, 25 റൺസിന് 4 വിക്കറ്റെടുത്ത ഷാഡ്ലി വാൻ ഷാൽക്വിക്ക് യുഎസ് ബൗളിങ്ങിൽ തിളങ്ങി.മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെ തുടങ്ങിയ യുഎസ്എ ഒരു ഘട്ടത്തിൽ 98 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായി. അവസാന ഓവറുകളിൽ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും 6 പന്തിൽ 41 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാനായില്ല.
ഇതോടെ ഇന്ത്യ 29 റൺസിന്റെ ജയം സ്വന്തമാക്കി. ഇന്ത്യക്കായി അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.
