ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ പാക് ടീം പങ്കെടുക്കുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ആദ്യം വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ഐസിസിയും (ICC) മറ്റു ക്രിക്കറ്റ് ബോർഡുകളും നടത്തിയ ചർച്ചകൾക്കൊടുവിൽ പാകിസ്ഥാൻ നിലപാട് മാറ്റുകയായിരുന്നു.മത്സരത്തിൽ നിന്ന് പിന്മാറിയാൽ നേരിടേണ്ടി വരുന്ന കനത്ത സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഐസിസി മുന്നറിയിപ്പ് നൽകിയതോടെയാണ് പാകിസ്ഥാൻ നിലപാട് മാറ്റിയത്.
ഇതിന് പുറമെ, ശ്രീലങ്കൻ പ്രസിഡന്റ് നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകളും പാക് സർക്കാരിനെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് മാറാൻ പ്രേരിപ്പിച്ചു. ഇതോടെ ഞായറാഴ്ചത്തെ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായിഐസിസിയും പിസിബിയും നടത്തിയ ചർച്ചകൾക്കൊടുവിൽ, ഫെബ്രുവരി 15-ന് കൊളംബോയിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായി.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബഹിഷ്‌കരണ തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ആവേശപ്പോരാട്ടം നടക്കുക.
പാകിസ്താന്റെ ചില നിബന്ധനകൾ ഐസിസി അംഗീകരിച്ചതോടെയാണ് ഇന്ത്യക്കെതിരെ കളിക്കാൻ തീരുമാനമായത്. ബംഗ്ലാദേശിന് നേരിട്ട സാമ്പത്തിക നഷ്ടം നികത്താൻ അടുത്ത അണ്ടർ-19 ലോകകപ്പിന്റെ ആതിഥേയത്വം നൽകുന്നതും, 2028-31 കാലയളവിൽ ഒരു പ്രധാന ഐസിസി ടൂർണമെന്റ് ബംഗ്ലാദേശിൽ നടത്തുന്നതും പരിഗണിക്കാമെന്ന് ഐസിസി ഉറപ്പ് നൽകി. ഐസിസി വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ലെന്ന ഉറപ്പും പാകിസ്ഥാൻ നേടിയെടുത്തു.
