രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഒരു വനിതാ അഭിഭാഷകയായിട്ടും എന്തിനാണ് ഇത്തരത്തിലുള്ള മോശം ഭാഷ ഉപയോഗിക്കുന്നതെന്നും അതിജീവിതയുടെ വിവരങ്ങൾ എന്തിന് വെളിപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
അഭിഭാഷകയുടെ വാക്കുകളിൽ ഞെട്ടൽ രേഖപ്പെടുത്തിയ സുപ്രീംകോടതി, അവർ ഒരു അഭിഭാഷകയെപ്പോലെയല്ല മറിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് വിമർശിച്ചു.
അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പ്രൊഫഷണൽ മര്യാദയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. കേസിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, ഹർജിക്കാരിയോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു.
സ്ത്രീയെന്ന പരിഗണന കൊണ്ടാണ് അറസ്റ്റിന് ഉത്തരവിടാത്തതെന്നും പുരുഷനായിരുന്നെങ്കിൽ നടപടി മറ്റൊന്നാകുമായിരുന്നു എന്നും സുപ്രീംകോടതി ദീപ ജോസഫിനെ ഓർമ്മിപ്പിച്ചു.
ഹർജി പരിഗണിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി, ഡിജിറ്റൽ സംവിധാനങ്ങളുള്ള കേരള ഹൈക്കോടതിയെ ദില്ലിയിലിരുന്ന് തന്നെ സമീപിക്കാമെന്നും നിർദ്ദേശിച്ചു. എന്നാൽ താൻ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും കുറ്റമെങ്കിൽ നടപടി നേരിടാൻ തയ്യാറാണെന്നുമായിരുന്നു ദീപ ജോസഫിന്റെ നിലപാട്.
