ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
തുടർച്ചയായ മൂന്ന് ദിവസം (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതാണ് പ്രധാന ജാമ്യ വ്യവസ്ഥ. കൂടാതെ, ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പാസ്‌പോർട്ട് കൈമാറണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ കർശന നിബന്ധനകളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്നും, സ്വാധീനശക്തിയുള്ള ഇദ്ദേഹത്തിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
ഇയാൾക്കെതിരെ ഇത്തരത്തിലുള്ള മൂന്ന് കേസുകളുണ്ടെന്നും, ഈ ബന്ധത്തെ വെറും ഉഭയകക്ഷി സമ്മതമായി ലഘൂകരിക്കരുതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
