തൃശ്ശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് മനഃപൂർവ്വം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും മഠത്തിൽവരവ് സമയത്ത് ലാത്തിചാർജ് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കണ്ടെത്തൽ.
പൂരം കലക്കലിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് എഡിജിപിക്ക് കൈമാറി. പൊലീസും ദേവസ്വവും തമ്മിലുള്ള വാക്കുതർക്കമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
16 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച റിപ്പോർട്ടിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പരാമർശങ്ങളില്ലെന്നാണ് സൂചന. ആസൂത്രിത നീക്കമുണ്ടായോ എന്നതിൽ എഡിജിപി തല യോഗത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകും.
രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തില്‍ ഈ സംഭവം വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ രാജന്‍, അജിത് കുമാര്‍, ദേവസ്വം പ്രതിനിധികള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിരുന്നു.
