കൊളംബോയിൽ നടന്ന ഏകപക്ഷീയ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് സൂപ്പർ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് എല്ലാവരും പുറത്തായതോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ കുതിപ്പ് തുടർന്നു.പാക് നിരയിൽ ഉസ്മാൻ ഖാൻ (44) മാത്രമാണ് അല്പമെങ്കിലും പൊരുതിയത്.
ഏഴ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായതോടെ 114 റൺസിന് പാകിസ്ഥാൻ കൂടാരം കയറി. ഇന്ത്യയ്ക്കായി പാണ്ഡ്യ, ബുമ്ര, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തോറ്റെങ്കിലും നാല് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് ഇപ്പോഴും സൂപ്പർ 8 പ്രതീക്ഷയുണ്ട്
.ലക്ഷ്യം അനായാസമായിരുന്നിട്ടും പാക് ബാറ്റിങ് നിര ആദ്യ ഓവർ മുതൽ പതറി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഫർഹാനെ പുറത്താക്കി ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ ജസ്പ്രീത് ബുമ്രയുടെ രണ്ടാം ഓവറിൽ സയിം അയൂബും സൽമാൻ ആഗയും മടങ്ങിയതോടെ പാകിസ്ഥാൻ പൂർണമായും തകർന്നു.
പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റൻ ബാബർ അസം (5) ഉൾപ്പെടെ നാല് വിക്കറ്റുകൾ പാകിസ്ഥാന് നഷ്ടമായി. അക്ഷർ പട്ടേലിന്റെ പന്തിൽ ബാബർ ബോൾഡായതോടെ പാക് പതനം പൂർത്തിയായി. ആദ്യ ആറോവറിൽ 38 റൺസ് മാത്രമെടുത്ത പാകിസ്ഥാന് ഉസ്മാൻ ഖാൻ നൽകിയ ചെറിയ പ്രതീക്ഷയും അധികം നീണ്ടുനിന്നില്ല.
അക്ഷർ പട്ടേലിന്റെ പന്തിൽ ഉസ്മാൻ ഖാൻ സ്റ്റംപ് ഔട്ടായതോടെ പാകിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു. പിന്നാലെ വന്ന മുഹമ്മദ് നവാസിനെ കുൽദീപ് യാദവ് പുറത്താക്കി. വാലറ്റത്ത് ഷഹീൻ അഫ്രീദി നടത്തിയ ചെറിയ പോരാട്ടമാണ് പാക് സ്കോർ 100 കടത്തി 114-ൽ എത്തിച്ചത്.
