കാസർകോട് ഇടയലക്കാട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അർജുന്റെ വീട് ജപ്തി ചെയ്യാനുള്ള നീക്കം കാനറ ബാങ്ക് താൽക്കാലികമായി നിർത്തിവെച്ചു. അർജുന്റെ പരീക്ഷാ ദിവസം തന്നെ ലേലം നിശ്ചയിച്ച വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഇടപെട്ടാണ് നടപടി വൈകിപ്പിച്ചത്.
ബാങ്ക് റീജിയണൽ മാനേജർ ഇക്കാര്യം എം.പിയെ ഔദ്യോഗികമായി അറിയിച്ചു.എട്ടു വർഷം മുമ്പ് അർജുന്റെ പിതാവ് എടുത്ത ഭവനവായ്പ, അദ്ദേഹത്തിന്റെ മരണശേഷം തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ലേലത്തിലായത്. കൃത്യമായി തിരിച്ചടച്ചിരുന്ന വായ്പയിൽ കുടിശ്ശിക വന്നതോടെ ബാങ്ക് നടപടി സ്വീകരിക്കുകയായിരുന്നു.
അർജുന്റെ പ്ലസ് ടു മോഡൽ പരീക്ഷ തുടങ്ങുന്ന ദിവസം തന്നെ വീട് ലേലം ചെയ്യാൻ നിശ്ചയിച്ചത് വലിയ പ്രതിസന്ധിയായിരുന്നു.പിതാവിന്റെ അപ്രതീക്ഷിത മരണം അർജുനെയും മുത്തശ്ശിയെയും തീരാക്കയത്തിലാക്കി. എടുത്ത 19 ലക്ഷം രൂപയിൽ ഏതാണ്ട് പകുതിയിലധികം തിരിച്ചടച്ചെങ്കിലും, ബാക്കിയുള്ള 8.25 ലക്ഷം രൂപ കണ്ടെത്താൻ ഒരു വരുമാനവുമില്ലാത്ത ഈ കുടുംബത്തിന് സാധിച്ചില്ല.
ഈ സാമ്പത്തിക പ്രതിസന്ധിയാണ് പരീക്ഷാ വേളയിൽ അർജുനെ ജപ്തി ഭീഷണിയിലാക്കിയത്.
