രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവിൽ സർക്കാർ സർവ്വേ പാടില്ലെന്ന് നിരീക്ഷിച്ച് നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പദ്ധതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
സർക്കാർ പണം ഉപയോഗിച്ച് സി.പി.ഐ.എം പ്രവർത്തകർ വഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി മേഖലകളിൽ ലഘുലേഖ വിതരണം ചെയ്യാൻ നീക്കം നടന്നെന്നും, ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽ.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കാൻ സർക്കാർ പണം ചെലവിടുന്നു എന്ന് ആരോപിച്ചായിരുന്നു ഹർജി.
പാർട്ടി കേഡർമാരെ ഉപയോഗിച്ചുള്ള ഈ സർവ്വേ തടയണമെന്നും ഫണ്ട് വിനിയോഗത്തിൽ വ്യക്തത വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഇത് ശരിവെച്ചാണ് കോടതി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
