വിവാഹ സീസണും ആഘോഷങ്ങളും മുന്നിൽക്കണ്ട് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് ജയലക്ഷ്മിയിലെ തീപിടിത്തത്തിൽ കത്തിയമർന്നത്. റംസാൻ, വിഷു വിപണി ലക്ഷ്യമിട്ടുള്ള വൻ സ്റ്റോക്ക് ഷോറൂമിൽ ഉണ്ടായിരുന്നതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും വർധിക്കാനാണ് സാധ്യത.

ഇന്നലെ രാത്രി തുടങ്ങിയ തീ ഇന്നു പുലർച്ചെയാണ് പൂർണ്ണമായും അണയ്ക്കാനായത്. ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ഉടമകളായ സഞ്ജയ് കമ്മത്തും ഗോവിന്ദ് കമ്മത്തും ഇന്ന് കോഴിക്കോട്ടെത്തുന്നതോടെയാകും നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്ക് വ്യക്തമാകുക.

2023-ൽ ഇതേ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ നാല് കോടിയുടെ നഷ്ടം സംഭവിച്ചിരുന്നു. ഇത്തവണ വെഡ്ഡിങ് സെക്ഷനിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ആഘോഷ വിപണി ലക്ഷ്യമിട്ടുള്ള വൻ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ ഇത്തവണത്തെ നാശനഷ്ടം മുൻപത്തേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

2023-ലെ തീപിടിത്തത്തിന് ശേഷം ഷോറൂമിൽ ഫയർ അലാറവും സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. തീപിടിത്ത സമയത്ത് അലാറം മുഴങ്ങിയെങ്കിലും മറ്റ് സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

വൻ നാശനഷ്ടങ്ങൾക്കിടയിലും ആളപായമില്ലാത്തത് വലിയ ആശ്വാസമായി.കോഴിക്കോട് പാളയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ മുകൾ നിലകളിൽ ഇന്നലെ രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് തുടങ്ങിയ തീ 10,000 ചതുരശ്ര അടിയിലുള്ള മൂന്ന് നിലകളിലേക്ക് അതിവേഗം പടരുകയായിരുന്നു.

ഉടൻ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി.തീ പൂർണ്ണമായും അണച്ച ശേഷം മാത്രമേ അപകടകാരണം വ്യക്തമാകൂ എന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.

ഒരേ സ്ഥാപനത്തിൽ ആവർത്തിച്ചുണ്ടാകുന്ന തീപിടിത്തത്തിൽ സ്വാഭാവികമായും സംശയമുണ്ടെന്നും വിദഗ്ധ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആർ.ആർ.ടി (RRT) സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *