ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ശേഷം ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ കാണാനില്ലെന്ന് വിജിലൻസ് കണ്ടെത്തി. ആകെ ഉണ്ടായിരുന്ന 9.570 കിലോ സ്വർണത്തിൽ 9.340 കിലോ മാത്രമാണ് ഉപയോഗിച്ചത്. മിച്ചം വന്ന സ്വർണം എവിടെ പോയി എന്നതിൽ ദേവസ്വം ബോർഡിന് വ്യക്തതയില്ലാത്തത് വൻ വെട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെടുത്തുന്നു.
ഭക്തർ നൽകിയ 412 ഗ്രാം സ്വർണത്തിന്റെ കണക്കുകൾ കൂടി കാണാനില്ലാത്തത് ശബരിമല കൊടിമര വിവാദത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സിനിമാ താരങ്ങളും നിർമ്മാതാക്കളും ഉൾപ്പെടെയുള്ള 27 ഭക്തർ നൽകിയ സ്വർണ്ണത്തിൽ 12 പേർക്ക് രസീത് പോലും നൽകിയിട്ടില്ല. സംഭവത്തിൽ വൻ അഴിമതി സംശയിക്കുന്ന വിജിലൻസ്, സംഭാവന നൽകിയവരുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജാമ്യം തേടിയിരിക്കുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിക്കുമ്പോൾ, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടതെന്ന നിലപാടിലാണ് പ്രതിഭാഗം. കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളുകയാണെങ്കിൽ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് തന്ത്രിയുടെ നീക്കം.
