ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിൽ 41 ദിവസത്തെ റിമാൻഡിന് ശേഷമാണ് തന്ത്രി പുറത്തിറങ്ങുന്നത്.
തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ചത്. മുഖ്യപ്രതിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, അത് ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ജനുവരി 9-നാണ് തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക അന്വേഷണസംഘം (SIT) ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്ത്രിക്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമേ ഉത്തരവാദിത്തമുള്ളൂവെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള വൻതുകയുടെ നിക്ഷേപവിവരങ്ങൾ എസ്‌ഐടി കോടതിയിൽ ഹാജരാക്കി.
തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ഉണ്ടെന്നും, ദേവസ്വം ബോർഡിൽ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം പ്രതിഭാഗം പൂർണ്ണമായും നിഷേധിച്ചു.
