ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോശമായ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് ഗ്രെഗ് ചാപ്പൽ, സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരുൾപ്പെടെ 14 മുൻ ലോക ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാക് പ്രധാനമന്ത്രിക്ക് കത്തയച്ചു. അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്ന് കത്തിലൂടെ ഇവർ ആവശ്യപ്പെട്ടു.
സൈനിക മേധാവി അസിം മുനീറും മൊഹ്‌സിൻ നഖ്‌വിയും ചേർന്ന് ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് സഹോദരിമാരായ അലീമയും ഉസ്മയും ആരോപിച്ചു.
ജയിലിൽ വെച്ച് തനിക്കെതിരെ വധശ്രമം നടക്കുന്നതായി ഇമ്രാൻ തന്നെ വെളിപ്പെടുത്തിയതായും അവർ പറഞ്ഞു. നിലവിൽ 14 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.ഇമ്രാന്റെ കണ്ണിന്റെ ആരോഗ്യനില മോശമാണെന്നും വിശ്വസ്തരായ ഡോക്ടർമാരുടെ സേവനം നിഷേധിക്കപ്പെട്ടെന്നും സഹോദരിമാർ ആരോപിച്ചു.
മതിയായ ചികിത്സ നൽകാത്തതിൽ തങ്ങൾ അസ്വസ്ഥരാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടെന്ന് അഭിഭാഷകൻ സൽമാൻ സഫ്ദാർ സുപ്രീം കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ മുതൽ പരാതിപ്പെട്ടിട്ടും ജയിലധികൃതർ ചികിത്സ നൽകിയില്ലെന്നും, കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ വിവരം പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇമ്രാന്റെ കാഴ്ചശക്തി കുറയുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ സ്വന്തം ഡോക്ടറെ കാണിക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി ജയിലധികൃതർക്ക് നിർദേശം നൽകി.
