നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. മന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരം അന്വേഷണവിധേയമായാണ് നടപടി.

മെഡിക്കൽ കോളേജിലെ പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം നടത്തും. ഡോ. ബിന്ദു സുന്ദറിനെതിരെയുള്ള മറ്റു പരാതികളും പരിശോധിക്കാൻ തീരുമാനിച്ച ആരോഗ്യവകുപ്പ്, കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തുമെന്നും അറിയിച്ചു.പാലോട് സ്വദേശികളായ നിരഞ്ജന-ബിനിൽ ദമ്പതികളുടെ കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്.

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിരഞ്ജനയെ ഇന്ന് ഉച്ചയോടെയാണ് സിസേറിയന് വിധേയയാക്കിയത്. കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.ചികിത്സാപിഴവാണ് മരണകാരണമെന്ന് നിരഞ്ജനയുടെ കുടുംബം ആരോപിച്ചു.

വേദനയില്ലാതിരുന്നിട്ടും പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റിയെന്നും, മണിക്കൂറുകൾ വൈകിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ആർഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ച് പ്രതിഷേധം നടന്നതോടെയാണ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *