കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് എഫ്ഐആർ. ഷോറൂം മാനേജർ കെ. അജേഷിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
വിഷു-റംസാൻ വിപണി ലക്ഷ്യമിട്ടുള്ള വൻ വസ്ത്രശേഖരമാണ് നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നെങ്കിലും ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.ജയലക്ഷ്മി സിൽക്സിലെ രണ്ടാം നിലയിൽ തീ പടർന്നപ്പോൾ ഓട്ടമാറ്റിക് സ്പ്രിംഗ്ലറുകൾ പ്രവർത്തിച്ചിരുന്നു.
എന്നാൽ, അടുക്കിവെച്ചിരുന്ന വലിയ വസ്ത്രശേഖരം പുകയാനും പിന്നീട് ആളിക്കത്താനും കാരണമായി. ഇതാണ് രണ്ടാം നിലയിൽ നിന്ന് തീ വേഗത്തിൽ മൂന്ന്, നാല് നിലകളിലേക്ക് പടരാൻ ഇടയാക്കിയത്. ഫയർഫോഴ്സ് പരിശോധന നടത്തിയെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.
ജയലക്ഷ്മി സിൽക്സിലെ രണ്ടാം നിലയിൽ തുടങ്ങിയ തീ അണയ്ക്കാൻ ഫയർഫോഴ്സിന്റെ 18 യൂണിറ്റുകൾക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിലെ പ്രത്യേക ഫയർ എഞ്ചിനും മണിക്കൂറുകളോളം പൊരുതി.
റംസാൻ-വിഷു വിപണിക്കായി വൻതോതിൽ സ്റ്റോക്ക് ചെയ്ത തുണിത്തരങ്ങളാണ് തീപിടുത്തത്തിൽ കത്തിയമർന്നത്. 2023-ലെ തീപിടുത്തത്തേക്കാൾ മൂന്നിരട്ടി നഷ്ടമാണ് ഇത്തവണ ഉണ്ടായതെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
ഫയർഫോഴ്സ് റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് ബഹുമുഖ അന്വേഷണം നടത്തുന്നു. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനമെങ്കിലും, സ്ഥാപനത്തിലെ ചായയുണ്ടാക്കുന്ന അടുക്കളയിൽ നിന്നാണോ തീ പടർന്നതെന്നും പരിശോധിക്കുന്നുണ്ട്.
ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഫയർഫോഴ്സ് ഉടൻ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.കോഴിക്കോട് നഗരമധ്യത്തിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തത് ആശങ്കയുയർത്തുന്നു.
ബീച്ച് സ്റ്റേഷൻ പൊളിച്ചുമാറ്റി ഷെഡിൽ പ്രവർത്തിക്കുന്നതിനാൽ വെള്ളിമാടുകുന്ന്, മീഞ്ചന്ത സ്റ്റേഷനുകളെയാണ് നഗരം ആശ്രയിക്കുന്നത്. ബീച്ച് സ്റ്റേഷനിലെ ഉള്ള രണ്ട് വാഹനങ്ങളിൽ ഒന്ന് ഫിറ്റ്‌നസ് തകരാറുമൂലം കട്ടപ്പുറത്താണ്. ഇത്തരം പരിമിതികൾ വലിയ തീപിടിത്തങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ പ്രതികരിക്കാൻ തടസ്സമാകുന്നതായി പരാതിയുണ്ട്.
നഗരമധ്യത്തിലെ തീപിടിത്തങ്ങൾ തടയാൻ മിഠായിത്തെരുവിലും മെഡിക്കൽ കോളജ് പരിസരത്തും സാറ്റലൈറ്റ് ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ യാത്രാക്ലേശവും ദൂരക്കൂടുതലും പരിഹരിക്കാൻ ഇത് അനിവാര്യമാണെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു.
