സിപിഐഎമ്മുമായി അകന്നുനിൽക്കുന്ന പി.കെ. ശശിയെ കോൺഗ്രസിലെത്തിക്കാൻ നീക്കം സജീവമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ശശിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പങ്കുവെച്ച ‘ഓപ്പറേഷൻ ബിലാൽ’ എന്ന പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.

പി.കെ. ശശി മുൻപ് നടത്തിയ പ്രശസ്തമായ ‘ബിലാൽ’ പ്രസംഗത്തെ മുൻനിർത്തിയാണ് ശശിയുടെ കോൺഗ്രസ് പ്രവേശനം സൂചിപ്പിക്കുന്ന ഈ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ജൂലൈയിൽ മണ്ണാർക്കാട് നടന്ന ഒരു ചടങ്ങിലാണ് പി.കെ. ശശി വിവാദമായ ‘ബിലാൽ’ പരാമർശം നടത്തിയത്.

“കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയാണെന്ന” ശശിയുടെ വാക്കുകൾ സിപിഐഎമ്മിൽ വലിയ തർക്കത്തിന് വഴിവെച്ചു. ഇതിനെതിരെ പി.എം. ആർഷോ അടക്കമുള്ള യുവനേതാക്കൾ രംഗത്തെത്തി.

ബിലാൽ അര ട്രൗസർ ഇട്ട് നടന്നിരുന്ന കാലത്തെക്കുറിച്ചും മറ്റും പരിഹസിച്ച് ആർഷോ മറുപടി നൽകിയത് അന്ന് പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് കാരണമായിരുന്നു.പി.കെ. ശശിയുടെ ‘ബിലാൽ’ പ്രയോഗത്തിന് മറുപടിയായി പി.എം. ആർഷോ നടത്തിയ പ്രസംഗം അന്ന് വലിയ ചർച്ചയായിരുന്നു.

ശശിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, മേരി ടീച്ചറുടെ സഹായത്തോടെ വളർന്നു വലുതായ ബിലാൽ ഒടുവിൽ ടീച്ചറെത്തന്നെ തള്ളിപ്പറഞ്ഞ കഥയാണ് ആർഷോ ഓർമ്മിപ്പിച്ചത്. പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ മുൻനിർത്തിയായിരുന്നു ശശിക്കെതിരെയുള്ള ആർഷോയുടെ ഈ കടുത്ത പരിഹാസം.

സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പി.കെ. ശശിക്കെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങിയിരുന്നു. മണ്ണാർക്കാട് ഏരിയ സെക്രട്ടറി നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ശശിയെ ‘ബിലാൽ’ എന്ന് പരിഹസിച്ചും, ലീഗിനെ കൂട്ടുപിടിച്ച് പാർട്ടിയെ വെല്ലുവിളിച്ചാൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്.

കെടിഡിസി ചെയർമാൻ സ്ഥാനം പി.കെ. ശശി രാജിവെച്ചതോടെയാണ് അദ്ദേഹം കോൺഗ്രസിലേക്ക് നീങ്ങുന്നു എന്ന ചർച്ചകൾ ശക്തമായത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും ശശി വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തെ നീക്കാൻ ജില്ലാ നേതൃത്വം നേരത്തെ സമ്മർദ്ദം ചെലുത്തിയിരുന്നു.

ശശിയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാൻ വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *