ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഉഷ അനുഭവിച്ച വേദനയ്ക്ക് ന്യായീകരണമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അഞ്ച് വർഷം മുൻപ് വിരമിച്ചതായും വിഷയത്തിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.നടത്തുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

2021-ലെ ശസ്ത്രക്രിയയുടെ രേഖകൾ പരിശോധിച്ചതായും ഹർഷിന കേസിന് സമാനമായി ഉഷയ്ക്കും നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഉഷയ്ക്കൊപ്പമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെ ഉഷയുടെ ശസ്ത്രക്രിയ നടന്നേക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. സിടി സ്‌കാനിലൂടെ കത്രികയുടെ സ്ഥാനം ഉറപ്പിച്ച ശേഷമാകും ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടിൽ പോയി ഫീസ് നൽകി കണ്ടിരുന്നതായും ഷിബിൻ വെളിപ്പെടുത്തി.

ശസ്ത്രക്രിയക്ക് ശേഷം ഉഷയ്ക്ക് നിരന്തരം വേദനയുണ്ടായിരുന്നെങ്കിലും അമിത ജോലി കൊണ്ടാണെന്നാണ് കുടുംബം കരുതിയത്. കഴിഞ്ഞ ദിവസം നടത്തിയ എക്സറേയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.

അടിയന്തരമായി കത്രിക നീക്കം ചെയ്യാമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചെങ്കിലും, നീതിക്കായി നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മകൻ ഷിബിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *