ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
പാകിസ്താൻ കേന്ദ്രമായുള്ള ഭീകരസംഘടനയുടെ നീക്കം തടയാൻ തലസ്ഥാന നഗരിയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങളെയും ചെങ്കോട്ടയെയും ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ ഐഇഡി (IED) സ്ഫോടനത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരിയിൽ ഇസ്ലാമാബാദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മറ്റ് പ്രധാന ആരാധനാലയങ്ങളും ഭീകരരുടെ നിരീക്ഷണത്തിലാണെന്ന വിവരത്തെത്തുടർന്ന് ഡൽഹിയിലുടനീളം സുരക്ഷാ പരിശോധനകൾ കടുപ്പിച്ചു.
2025 നവംബർ 10-ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടത് പരിഗണിച്ചാണ് ഈ അതീവ ജാഗ്രതാ നിർദ്ദേശം. അന്ന് ഗേറ്റ് നമ്പർ 1-ന് സമീപം സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
സമാനമായ രീതിയിൽ ഐഇഡി (IED) ഉപയോഗിച്ച് സ്ഫോടനം നടത്താൻ ലഷ്കറെ തൊയ്ബ വീണ്ടും പദ്ധതിയിടുന്നു എന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
