ഉത്തർപ്രദേശിലെ ബന്ദയിൽ 33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു. രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കെതിരെ ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന് വിശേഷിപ്പിച്ചാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളെ വരെ ക്രൂരതയ്ക്ക് ഇരയാക്കിയ കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഈ നടപടി.
ഇരകളാക്കപ്പെട്ട ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതികളായ ദമ്പതികളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം മുഴുവൻ കുട്ടികൾക്കായി തുല്യമായി വീതിച്ചുനൽകണമെന്നും കോടതി നിർദ്ദേശിച്ചു.
2020-ൽ സിബിഐ രജിസ്റ്റർ ചെയ്ത ഈ കേസിൽ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ രാംഭവനും ഭാര്യയും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. അന്വേഷണത്തിൽ പുറത്തുവന്നത് അതിക്രൂരമായ വിവരങ്ങളായിരുന്നു; പല കുട്ടികൾക്കും മാരകമായ പരിക്കേൽക്കുകയും ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരികയും ചെയ്തു.
പീഡനത്തിനിരയായ കുട്ടികളിൽ പലർക്കും കണ്ണിനും ശരീരത്തിനും ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും വലിയ മാനസികാഘാതം ഉണ്ടാവുകയും ചെയ്തു.
ഡിജിറ്റൽ തെളിവുകളും കൗൺസിലിംഗും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കി സിബിഐ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ 2021-ലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
