ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സി.പി.ഐ.എം നേതാവുമായ ജ്യോതിബാബുവിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് നടപടി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജ്യോതിബാബുവിന് കോടതി ജാമ്യം അനുവദിച്ചു.
അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷാവിധി നടപ്പാക്കില്ല.ജ്യോതിബാബുവിനെതിരെയുള്ള തെളിവുകൾ ദുർബലമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ അപര്യാപ്തമാണെന്ന് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജ്യോതിബാബുവിന് ഗുരുതരമായ വൃക്കരോഗമുണ്ടെന്നും ഡയാലിസിസിന് പുറമെ ശസ്ത്രക്രിയയും ആവശ്യമാണെന്ന കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചു.
മെഡിക്കൽ ബോർഡിന്റെ ഈ കണ്ടെത്തൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ ആരോഗ്യസാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.