തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
ഇന്ന് പുലര്‍ച്ചെ 2.45-ഓടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.സ്‌കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ ശേഷം തീയിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.
അക്രമം കരുതിക്കൂട്ടി ചെയ്തതാണെന്ന സംശയത്തെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
