രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി പോലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. അതിജീവിതയുടെ പരാതി സഹിതമാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഈ മാസം 17-ന് രാഹുൽ വിളിച്ചെങ്കിലും താൻ ഫോൺ എടുത്തില്ലെന്ന് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പരാതി നൽകിയിരുന്നു.
ജാമ്യവ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവനന്തപുരം കോടതിയുടെ നടപടി.ബെംഗളൂരു സ്വദേശിനിയായ 23-കാരി നൽകിയ പരാതിയിൽ ഡിസംബർ 10-നാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചത്.
രാഹുൽ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ലഭിച്ച ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതോടെയാണ് ഇപ്പോൾ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
