കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു. സ്ലാബിനടിയിൽ കുടുങ്ങിയ അഞ്ചുപേരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റവർ ചികിത്സയിലാണ്.കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിൽ കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ മറ്റ് രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കോഴിക്കോട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നത് കോർപ്പറേഷൻ്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു.
സംഭവം വലിയ അപകടമാണെന്നും വീഴ്ച എവിടെയാണെന്ന് പരിശോധിക്കുമെന്നും മേയർ ഒ. സദാശിവൻ അറിയിച്ചു.എഴുപത് വർഷത്തോളം പഴക്കമുള്ളതും പൊളിച്ചുനീക്കാൻ നിർദ്ദേശമുണ്ടായിരുന്നതുമായ കെട്ടിടത്തിലാണ് അപകടം നടന്നത്.
രണ്ടാഴ്ച മുൻപ് ഇവിടെ പുതിയ സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയത് കോർപ്പറേഷന്റെ വീഴ്ചയാണെന്ന വിമർശനം ശക്തമാണ്. കെട്ടിടത്തിന്റെ ബലക്ഷയം അവഗണിച്ചാണ് പ്രവർത്തനാനുമതി നൽകിയതെന്നാണ് പ്രധാന ആരോപണം
