റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കവെ, യുക്രെയ്നുള്ള നിർണ്ണായക സാമ്പത്തിക സഹായം ഹംഗറി വീറ്റോ ചെയ്തു. ഹംഗറിയുടെ ഈ സമ്മർദ്ദതന്ത്രം യൂറോപ്യൻ യൂണിയന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്.
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും യുക്രെയ്ന് 106 ബില്യൺ ഡോളർ വായ്പ നൽകാനുമുള്ള നീക്കത്തെ ഹംഗറി വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞു. യൂറോപ്യൻ യൂണിയൻ യോഗത്തിലാണ് ഹംഗറിയുടെ ഈ ശക്തമായ എതിർപ്പുണ്ടായത്.
റഷ്യക്കെതിരെയുള്ള 20-ാം ഉപരോധ പാക്കേജ് ഹംഗറി വീറ്റോ ചെയ്തതോടെ യൂറോപ്യൻ യൂണിയന്റെ നീക്കം പാളി. ഇതിന് തിരിച്ചടിയായി, മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് എട്ട് റഷ്യൻ ജുഡീഷ്യറി അംഗങ്ങൾക്ക് ഇയു (EU) നേരിട്ട് ഉപരോധമേർപ്പെടുത്തി.
ദ്രുഷ്ബ പൈപ്പ്ലൈൻ തകർന്നതിനെത്തുടർന്ന് റഷ്യൻ എണ്ണ വിതരണം തടസ്സപ്പെട്ടതാണ് ഹംഗറിയെ ചൊടിപ്പിച്ചത്. യുക്രെയ്ൻ മനഃപൂർവ്വം വിതരണം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച ഹംഗറി, എണ്ണ ലഭ്യത പുനഃസ്ഥാപിക്കാതെ യുക്രെയ്നുമായി ബന്ധപ്പെട്ട ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
ഹംഗറിയുടെ നിലപാട് രാഷ്ട്രീയ അട്ടിമറിയും ഭീഷണിയുമാണെന്ന് യുക്രെയ്നും പോളണ്ടും വിമർശിച്ചു. സഖ്യകക്ഷികൾക്കിടയിലെ ഐക്യം തകർക്കാനാണ് ഹംഗറിയുടെ ശ്രമമെന്ന് ആരോപണമുയർന്നു.
അതേസമയം, നീതിപൂർവമായ സമാധാനം ഉണ്ടാകുന്നത് വരെ യുക്രെയ്നോടൊപ്പം നിൽക്കുമെന്ന് ബ്രിട്ടീഷ്പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.
