മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും, പരിക്കേറ്റെന്ന വാർത്ത സി.പി.ഐ.എം വ്യാഖ്യാനം മാത്രമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് രക്തസാക്ഷി പരിവേഷം നൽകാനുള്ള ശ്രമമാണിതെന്നും അദ്ദേഹംപറഞ്ഞു.
മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും വെറും പ്രതിഷേധം മാത്രമാണ് നടന്നതെന്നും കെ.എസ്.യു വ്യക്തമാക്കി.
ആരോഗ്യമേഖല വെന്റിലേറ്ററിലായ സാഹചര്യത്തിൽ ഇത്തരം ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും, മന്ത്രി രക്തസാക്ഷി പരിവേഷം ചമയാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ മന്ത്രിക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് വ്യക്തമാകുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. മന്ത്രി പോലീസ് വലയത്തിലായിരുന്നുവെന്നും പ്രതിഷേധക്കാർ അടുത്തേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ ചികിത്സാപ്പിഴവുകൾ ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കണ്ണൂരിലെ സംഭവം. നേരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിലെ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്കു പരിക്കേറ്റത്.
