കടുത്ത സംഘർഷങ്ങൾക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാംവട്ട ആണവ ചർച്ചകളിൽ പുരോഗതി. നിലവിൽ അന്തിമ കരാറിൽ ധാരണയായിട്ടില്ലെങ്കിലും ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
പ്രധാന തർക്കവിഷയങ്ങളിൽ പരിഹാരമുണ്ടായാൽ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.ജനീവയിൽ നടന്ന ഇറാൻ-അമേരിക്ക മൂന്നാംവട്ട ആണവ ചർച്ചകളും അന്തിമ ധാരണയാകാതെ പിരിഞ്ഞു. ചർച്ചകൾ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ഫലപ്രദമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു.
ചർച്ചയിൽ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിക്കുന്ന ഒമാൻ വ്യക്തമാക്കിയെങ്കിലും കരാർ എന്നുണ്ടാകുമെന്ന് ഉറപ്പില്ല. നാലാംഘട്ട ചർച്ചകൾ അടുത്തയാഴ്ച വിയന്നയിൽ നടക്കും.ഒമാന്റെ മധ്യസ്ഥതയിൽ സ്റ്റീവ് വിറ്റ്‌കോഫും അബ്ബാസ് അരഘ്ചിയും തമ്മിൽ നടന്ന ചർച്ചകൾ ആണവ വിഷയത്തിലെ സാങ്കേതിക തർക്കങ്ങളിൽ ഉടക്കിനിൽക്കുന്നു.
പ്രശ്നപരിഹാരത്തിനായി ഒമാൻ വിദേശകാര്യമന്ത്രി വാഷിംഗ്ടണിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച വിയന്നയിൽ നടക്കുന്ന നാലാം ഘട്ട ചർച്ചയിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
ആണവകേന്ദ്രങ്ങൾ തകർക്കാനോ യുറേനിയം കൈമാറാനോ ഉള്ള നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെ ചർച്ചകൾ സങ്കീർണ്ണമായി. ഉപരോധങ്ങൾ നീക്കണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തുന്നത് മേഖലയിൽ യുദ്ധഭീതി വർധിപ്പിക്കുന്നു. കപ്പലിന് തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അത് സജ്ജമാണെന്ന് അമേരിക്കൻ നാവികസേന വ്യക്തമാക്കി.
ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ആവർത്തിച്ചു. എന്നാൽ, നയതന്ത്രത്തിന് മുൻഗണന നൽകുമ്പോഴും ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ‘മോശം ഭരണകൂടം’ എന്ന് ഇറാനെ വിശേഷിപ്പിച്ച അദ്ദേഹം, അവർക്ക് ആണവായുധങ്ങൾ നൽകാനാവില്ലെന്നും മുന്നറിയിപ്പ് നൽകി.
