ശബരിമല കൊടിമരത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതിലെ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് ഇവരെ ചോദ്യം ചെയ്തത്. തങ്ങൾ സ്വർണം നൽകിയിട്ടുണ്ടെന്ന് താരങ്ങൾ മൊഴി നൽകി.

കേസുമായി ബന്ധപ്പെട്ട മറ്റു മൊഴിയെടുപ്പുകൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കാൻ വിജിലൻസ് തീരുമാനിച്ചു.തിരുവനന്തപുരത്ത് വെച്ച് മൊഴി നൽകിയ മോഹൻലാൽ, സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥനപ്രകാരം രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിലെത്തിച്ചതായി വെളിപ്പെടുത്തി.

ദിലീപിന്റെ മൊഴി കൊച്ചിയിൽ വെച്ചാണ് വിജിലൻസ് രേഖപ്പെടുത്തിയത്.ശബരിമല കൊടിമരക്കേസിൽ സിനിമാ മേഖലയിലെ പ്രമുഖരുടെ മൊഴിയെടുപ്പ് വിജിലൻസ് ഊർജിതമാക്കി.

നേരത്തെ ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവർ നാണയങ്ങളായി സ്വർണം നൽകിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴികൾ കൂടി രേഖപ്പെടുത്തിയിരിക്കുന്നത്.ശബരിമല കൊടിമര നിർമ്മാണത്തിന് സെലിബ്രിറ്റികൾ ഉൾപ്പെടെ 27 പേർ സംഭാവന നൽകിയതായാണ് വിജിലൻസ് കണ്ടെത്തൽ.

ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിഐമാരായ സജി ശങ്കർ, രാജേഷ് കുമാർ, അജി ജി. നാഥ് എന്നിവരും ഈ അന്വേഷണ സംഘത്തിലുണ്ട്.

2017-ൽ നടന്ന ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സ്വർണം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമയിലെ പ്രമുഖരടക്കം നിരവധി പേർ കൊടിമരത്തിനും വാജി വാഹനത്തിനുമായി സ്വർണം നൽകിയതായി വിജിലൻസ് കണ്ടെത്തിയത്.

2017-ലെ ശബരിമല കൊടിമര നിർമ്മാണത്തിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി. കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

എക്‌സിക്യൂട്ടീവ് ഓഫീസറെ മറികടന്ന് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങിയതും, സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തിയ രസീത് നൽകാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ബാക്കി വന്ന സ്വർണം എവിടെ ഉപയോഗിച്ചു എന്നതിനും കൃത്യമായ രേഖകളില്ലെന്ന് റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *