നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ വിചാരണ കോടതി അവഗണിച്ചെന്നും, സാക്ഷിമൊഴികൾ നിസ്സാരവൽക്കരിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതിജീവിതയോടുള്ള വ്യക്തിവൈരാഗ്യമാണ് ദിലീപിനെ ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു.

മറ്റു പ്രതികളെ ശിക്ഷിക്കാൻ ഉപയോഗിച്ച അതേ തെളിവുകൾ നിലനിൽക്കെ, ദിലീപിന് മാത്രം പ്രത്യേക പരിഗണന നൽകി വിചാരണ കോടതി വെറുതെ വിട്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അപ്പീൽ ചൂണ്ടിക്കാട്ടുന്നു.

ദിലീപ് അതിജീവിതയെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനും സിനിമാ മേഖലയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചതിനും മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരുടെ സാക്ഷിമൊഴികളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദിലീപും പൾസർ സുനിയും തമ്മിൽ 2013-ൽ എറണാകുളത്തും 2015-ൽ തൃശൂരിലും വെച്ച് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസിൽ നിന്ന് പണം പിൻവലിച്ച് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.

സിനിമാ ലൊക്കേഷനുകളിൽ വെച്ച് ദിലീപും സുനിയും കൂടിക്കാഴ്ച നടത്തിയതിനും, ആക്രമണ സമയത്ത് താൻ ആശുപത്രിയിലായിരുന്നുവെന്ന് വരുത്താൻ ദിലീപ് വ്യാജരേഖ ചമച്ചതിനും തെളിവുണ്ടെന്ന് അപ്പീലിൽ പറയുന്നു.

പോലീസുകാരനായ അനീഷിനോട് പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളും വിചാരണ കോടതി സാങ്കേതിക കാരണങ്ങളാൽ തള്ളിക്കളഞ്ഞതായും സർക്കാർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *