ഇറാനിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പിൻവലിച്ചതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശവും യുദ്ധഭീതി ശക്തമാക്കുന്നു. അണുവായുധ കരാറിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ആക്രമണം ഉറപ്പെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് മേഖലയെ മുൾമുനയിലാക്കുന്നത്.
ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാരോട് രാജ്യം വിടാൻ അംബാസഡർ മൈക്ക് ഹക്കബി നിർദ്ദേശിച്ചു. തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേൽ സന്ദർശിക്കാനിരിക്കെ, സുരക്ഷ മുൻനിർത്തി ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന ഇറാൻ–യുഎസ് ചർച്ചകൾ കാര്യമായ ഫലമില്ലാതെ പിരിഞ്ഞു. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഒമാൻ അവകാശപ്പെടുമ്പോഴും, ഇറാന്റെ കടുത്ത നിലപാടുകളിൽ പ്രസിഡന്റ് ട്രംപ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.
ഇതോടെ സമാധാന ശ്രമങ്ങൾ വഴിമുട്ടുകയും യുദ്ധഭീതി ഇരട്ടിയാവുകയും ചെയ്തിരിക്കുകയാണ്.ആണവ പദ്ധതിയൊഴികെ മറ്റൊരു വിഷയത്തിലും വിട്ടുവീഴ്ചയില്ലെന്ന ഇറാന്റെ നിലപാട് ചർച്ചകളെ പ്രതിസന്ധിയിലാക്കി.
മിസൈൽ പരീക്ഷണങ്ങളും ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന യുഎസ് ആവശ്യം ഇറാൻ തള്ളിയതോടെ സൈനിക നീക്കം ശക്തമായി. ഇതിന്റെ ഭാഗമായി യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതോടെ തുർക്കി ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
