ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്ന് 15 പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട വിമാനം ഹൈവേയിലെ വാഹനങ്ങൾക്ക് മുകളിലേക്ക് വീണതോടെ നോട്ടുകൾ റോഡിൽ ചിതറി. വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്.
ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനം തകർന്ന് 15 പേർ മരിച്ചു. സെൻട്രൽ ബാങ്കിൽ നിന്നുള്ള നോട്ടുകളുമായി പോയ വിമാനം ഹൈവേയിലെ വാഹനങ്ങൾക്ക് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം വാഹനങ്ങൾ കത്തിയമരുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടസ്ഥലത്ത് ചിതറിവീണ നോട്ടുകൾ ശേഖരിക്കാൻ നാട്ടുകാർ തടിച്ചുകൂടിയത് പോലീസിന് വലിയ വെല്ലുവിളിയായി. ആൾക്കൂട്ടത്തെ മാറ്റാൻ കനത്ത നടപടികൾ വേണ്ടിവന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
