ബഹ്‌റൈനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഏഷ്യൻ പൗരൻ കൂടി കൊല്ലപ്പെട്ടതോടെ ഗൾഫിലെ ആകെ മരണസംഖ്യ ആറായി. യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇറാന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും പ്രതിനിധിയെ തിരികെ വിളിക്കുകയും ചെയ്തു. മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രധാന മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്നു; വിമാന സർവീസുകൾ അനിശ്ചിതത്വത്തിലാണ്. സ്കൂളുകൾ ഓൺലൈൻ മോഡിലേക്ക് മാറിയപ്പോൾ, ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി അവരെ അടിയന്തര ഡ്യൂട്ടിക്ക് നിയോഗിച്ചു. കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ എണ്ണശുദ്ധീകരണ ശാലയ്ക്ക് മുകളിൽ പതിച്ചെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
എങ്കിലും, പരിക്കേറ്റവരിൽ ഭൂരിഭാഗവും അമേരിക്കൻ പൗരന്മാരാണെന്നും ശുദ്ധീകരണശാലയുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നുംഅധികൃതർ വ്യക്തമാക്കി.
വിമാന സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് ദുബായിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ഹോട്ടൽ താമസം നീട്ടിനൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. മടക്കയാത്ര സാധ്യമാകുന്നതുവരെ ആരെയും മുറികളിൽ നിന്ന് ഒഴിപ്പിക്കില്ലെന്നും അവർക്ക് ആവശ്യമായ താമസസൗകര്യം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
