ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നാലെ വിവാദ ആരോപണവുമായി മുൻ പാക് താരം മുഹമ്മദ് ആമിർ.
ഷിമ്രോൺ ഹെറ്റ്മെയറുടെ പുറത്താകൽ സംശയാസ്പദമാണെന്നും, ആ വിക്കറ്റ് വീണില്ലായിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്റെ വിചിത്രമായ വാദം.
ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടിച്ചാണ് ഹെറ്റ്മെയർ (11 പന്തിൽ 27) പുറത്തായത്. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അംപയറും ഔട്ട് ശരിവെച്ചു.
കൃത്യമായ ഈ വിക്കറ്റിനെയാണ് മുഹമ്മദ് ആമിർ ഇപ്പോൾ വിവാദമാക്കാൻ ശ്രമിക്കുന്നത്.ഹെറ്റ്മെയറുടെ വിക്കറ്റ് സംശയാസ്പദമാണെന്നും അദ്ദേഹം പുറത്തല്ലായിരുന്നുവെന്നുമാണ് ആമിറിന്റെ വാദം.
ഹെറ്റ്മെയർ അല്പസമയം കൂടി നിന്നിരുന്നെങ്കിൽ വിൻഡീസ് സ്കോർ 230 കടക്കുമായിരുന്നുവെന്നും, ഇന്ത്യ ലോകകപ്പിന് പുറത്തായേനെയെന്നും ആമിർ വിചിത്രമായി അഭിപ്രായപ്പെട്ടു.
ഇന്ത്യ സെമിയിലെത്തിയെങ്കിലും കിരീടം നേടില്ലെന്ന് ആമിർ പരിഹസിച്ചു. ബുംറയൊഴികെ മറ്റ് ബൗളർമാർ പരാജയമാണെന്നും ഇന്ത്യയുടെ ഫീൽഡിംഗ് മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ഇന്ത്യ സെമിയിലെത്തില്ലെന്ന തന്റെ മുൻ പ്രവചനം തെറ്റിയതിലുള്ള നിരാശയാണ് ആമിർ പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യൻ ആരാധകർ പരിഹസിച്ചു.
