ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാനമായ ഭൂഗർഭ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ വിന്യസിച്ചു.
അതീവ സുരക്ഷിതമായ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. റഡാറുകളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ഈ ‘അദൃശ്യ’ വിമാനങ്ങൾ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളെ കൂടുതൽ നിർണ്ണായകമാക്കുന്നു.
മിലിട്ടറി എയർ ട്രാക്കിങ് അലയൻസിലെ (Military Air Tracking Alliance) മുപ്പതോളം ഓപ്പൺ സോഴ്സ് അനലിസ്റ്റുകൾ പുറത്തുവിട്ട ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളിലൂടെയാണ് അതീവ രഹസ്യമായി നടന്ന ഈ സൈനിക നീക്കം ആദ്യം പുറംലോകമറിഞ്ഞത്.
ആകാശത്തെ ‘അദൃശ്യ ശക്തി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാല് ബി-2 സ്പിരിറ്റ് വിമാനങ്ങളാണ് ഈ ദൗത്യത്തിൽ പങ്കെടുത്തതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും അത്യാധുനികവും ചിലവേറിയതുമായ ബി-2 സ്പിരിറ്റ് ബോംബറുകൾ അതിന്റെ സമാനതകളില്ലാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് അതിർത്തി കടക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ അതികൃത്യതയോടെ പ്രഹരമേൽപ്പിക്കാനും ഈ ‘അദൃശ്യ’ വിമാനത്തിന് സാധിക്കും.
