അപരാജിതരായി എത്തുന്ന ദക്ഷിണാഫ്രിക്ക ഇന്ന് ആദ്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയെപ്പോലെയുള്ള കരുത്തരെ വൻ മാർജിനിൽ തകർത്ത ആത്മവിശ്വാസത്തിലാണ് പ്രോട്ടിയാസ് ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്.
സമീപകാലത്തെ മികച്ച ഫോമും വിജയത്തുടർച്ചയും പരിഗണിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്കാണ് മത്സരത്തിൽ മുൻതൂക്കം.ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും ഇന്ത്യയും ന്യൂസിലൻഡും അടക്കമുള്ള കരുത്തരെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ കിവികൾ ഉയർത്തിയ 175 റൺസ് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നത് മാർക്രത്തിനും സംഘത്തിനും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ടൂർണമെന്റിലുടനീളം പുലർത്തുന്ന ഈ ആധികാരിക ഫോം പ്രോട്ടീസിന് സെമിയിലും മുൻതൂക്കം നൽകുന്നു.
സൂപ്പർ എട്ടിലെ മറ്റ് മത്സരഫലങ്ങളുടെ ആനുകൂല്യത്തിലാണ് ന്യൂസിലൻഡ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെയും അഫ്ഗാനിസ്താനെയും തോൽപ്പിച്ചെങ്കിലും, ദക്ഷിണാഫ്രിക്കയോട് അവർ പരാജയപ്പെട്ടിരുന്നു. ഇന്ന് സെമിയിൽ പ്രോട്ടീസിനെ നേരിടുമ്പോൾ ആ തോൽവിക്ക് പകരം വീട്ടുക എന്ന വലിയ വെല്ലുവിളിയാണ് കിവികൾക്ക് മുന്നിലുള്ളത്.
സൂപ്പർ എട്ടിൽ മഴ മൂലം ഒരു മത്സരം നഷ്ടമാവുകയും ഇംഗ്ലണ്ടിനോട് തോൽക്കുകയും ചെയ്ത ന്യൂസിലൻഡിനേക്കാൾ, സ്ഥിരതയാർന്ന പ്രകടനവുമായി ദക്ഷിണാഫ്രിക്ക തന്നെയാണ് മുന്നിൽ. ഗ്രൂപ്പ് ഘട്ടം മുതൽ പരാജയമറിയാതെ കുതിക്കുന്ന പ്രോട്ടിയാസിന് ഈ കണക്കുകൾ വലിയ മേധാവിത്വം നൽകുന്നുണ്ട്.
മഴ പെയ്താൽ സെമി ഫൈനലിന് ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തും അധികമായി നൽകിയിട്ടുള്ള 90 മിനിറ്റിലും കളി നടന്നില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസത്തേക്ക് (വ്യാഴാഴ്ച) മാറ്റും.
ബുധനാഴ്ച കളി എവിടെയാണോ തടസ്സപ്പെട്ടത്, അവിടെ നിന്ന് തന്നെ വ്യാഴാഴ്ച പുനരാരംഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ ടോസോ സൂപ്പർ ഓവറോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പോയിന്റാകും മാനദണ്ഡം.
ഗ്രൂപ്പ് ഒന്നിൽ മൂന്ന് കളിയും ജയിച്ച് 6 പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനക്കാരാണ്. എന്നാൽ ഗ്രൂപ്പ് രണ്ടിൽ 3 പോയിന്റുള്ള ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരാണ്. അതിനാൽ കളി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിൽ പ്രവേശിക്കും.
