കാനഡയുമായുള്ള പുതിയ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിനും വികസനത്തിനും കരുത്തുറ്റ അടിത്തറ പാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലേക്കുള്ള വലിയൊരു ഗതിമാറ്റമാണ് ഈ കരാറെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിരീക്ഷണത്തോട് മോദി പൂർണ്ണമായി യോജിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ വളർച്ചയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എക്സിലൂടെ അദ്ദേഹം വ്യക്തമാക്കി.ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെച്ചൊല്ലി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ-കാനഡ ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയിരുന്നു.

ഈ നയതന്ത്ര പ്രതിസന്ധികൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.സ്വന്തം ഭാവിയെക്കുറിച്ച് ആത്മവിശ്വാസമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ നീക്കമാണിതെന്ന് മാർക്ക് കാർണി വിശേഷിപ്പിച്ചു.

ഇതിന്റെ ഭാഗമായി 1.9 ബില്യൺ ഡോളറിന്റെ യുറേനിയം സമ്പുഷ്ടീകരണ കരാറിലാണ് ഇന്ത്യയും കാനഡയും ഒപ്പുവെച്ചത്.ചെറുതും നൂതനവുമായ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ (SMR) സംയുക്തമായി നിർമിക്കാൻ ഇന്ത്യയും കനേഡിയൻ കമ്പനിയായ കമേക്കോയും (Cameco) കരാറൊപ്പിട്ടു.

ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയും ലോകത്തെ പ്രമുഖ യുറേനിയം നിർമാതാക്കളായ കമേക്കോയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഊർജ്ജ, സാമ്പത്തിക മേഖലകളിൽ ഇന്ത്യയും കാനഡയും കൈകോർക്കുന്നു. സൗരോർജ്ജം, ഹൈഡ്രജൻ, ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.

2030-ഓടെ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം (നിലവിൽ ഇത് 9 ബില്യൺ ഡോളറാണ്). പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കാനഡയുമായുള്ള ഈ അടുപ്പം ഇന്ത്യക്ക് നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *