ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ കടുപ്പിച്ചു വിമർശിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. ഇറാൻ ആണവായുധമുണ്ടാക്കുന്നതിന് തെളിവില്ലെന്ന് റഷ്യ വ്യക്തമാക്കിയപ്പോൾ, ചർച്ചകൾ പുരോഗമിക്കവെ മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണം നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.
ഇസ്രയേലിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ഈ നടപടി സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും കുറ്റപ്പെടുത്തി.
ഇറാനെതിരായ സൈനിക നടപടിയിൽ ഇസ്രായേൽ വിദേശകാര്യമന്ത്രിയെ നേരിട്ട് വിളിച്ച് ചൈന കടുത്ത അതൃപ്തി അറിയിച്ചു. ബലപ്രയോഗം പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുമെന്നും സമാധാനപരമായ ചർച്ചകളാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി.
സൈനിക നീക്കം മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം.
ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് യാതൊരു തെളിവുമില്ലെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിലെ ഒരംഗരാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ഈ ആക്രമണം തികച്ചും പ്രകോപനപരമാണെന്നും റഷ്യ ആരോപിച്ചു.
ആണവായുധം തടയാൻ യുദ്ധം ചെയ്യുന്ന അമേരിക്കൻ നിലപാട് വിരോധാഭാസമാണെന്ന് റഷ്യ പരിഹസിച്ചു.
യുഎസിന്റെ ഈ സംഘർഷാവസ്ഥ ഇറാനെ ആണവായുധം നിർമ്മിക്കാൻ പ്രേരിപ്പിക്കുമെന്നും റഷ്യ ആരോപിച്ചു. ആണവ ബോംബുള്ള രാജ്യങ്ങളെ അമേരിക്ക ആക്രമിക്കില്ലെന്ന തിരിച്ചറിവ്, സുരക്ഷയ്ക്കായി ഇത്തരം ആയുധങ്ങൾ വേണമെന്ന നിലപാടിലേക്ക് രാജ്യങ്ങളെ എത്തിക്കുമെന്നും സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി.അറബ് രാജ്യങ്ങളും ആണവായുധങ്ങൾക്കായി മത്സരരംഗത്തിറങ്ങാൻ ഈ സാഹചര്യം കാരണമാകുമെന്ന് റഷ്യ നിരീക്ഷിച്ചു.
