ശക്തികുളങ്ങര ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരൻ ഹരികൃഷ്ണൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മരുത്തടി ക്ഷേത്രോത്സവത്തിന് എത്തിയ ഹരികൃഷ്ണനെ മാർച്ച് ഒന്നിനാണ് മദ്യപസംഘം ആക്രമിച്ചത്.

സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാനെത്തിയതായിരുന്നു ഇദ്ദേഹം. ഘോഷയാത്രയ്ക്കിടെയുണ്ടായ അസഭ്യവർഷവും കൈയേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നീട് പ്രതികൾ ഇരുവരെയും വിളിച്ചുവരുത്തി വീണ്ടും മർദിക്കുകയായിരുന്നു.

തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് ബോധരഹിതനായ ഹരികൃഷ്ണനെ ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരുത്തടി സ്വദേശികളായ സുനിൽകുമാർ, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പത്തംഗ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *