അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ഒളിവിൽ കഴിയുന്ന സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനമുയരുന്നു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഫെബ്രുവരി 28-നാണ് ബി.കോം വിദ്യാർത്ഥിനിയായ ജസ്ലിയയെ ഡോ. സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്.
മസ്തിഷ്ക മരണം സംഭവിച്ച ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിരുന്നു.പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്ലിയ സ്വന്തം അധ്വാനത്തിലൂടെയാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
അങ്കമാലിയിലെ ഒരു പിസ ഔട്ട്ലെറ്റിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജസ്ലിയ, സൗകര്യാർത്ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ കാർ ജസ്ലിയയുടെ ജീവനെടുത്തത്.