2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും മൂന്നാം റാങ്ക് ആകാൻഷ് ദള്ളും നേടി.

18-ാം റാങ്ക് നേടിയ എസ്. ശ്രുതിയാണ് മലയാളി കരുത്തായി മാറിയത്. ശ്രീജ ജെ.എസ് (57), അജയ് ആർ. രാജ് (109) എന്നിവരും മികച്ച നേട്ടം കൈവരിച്ചു. കാഴ്ചാപരിമിതിയോട് പോരാടി 109-ാം റാങ്ക് നേടിയ അജയ്യുടെ വിജയം ഏറെ ശ്രദ്ധേയമാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (KAS) രണ്ടാം റാങ്ക് ജേതാവായ സിദ്ധാർത്ഥ് എം. ജോയി (271) ഇത്തവണയും പട്ടികയിൽഇടംപിടിച്ചു.

പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങൾ കടന്നുള്ള കാത്തിരിപ്പിന് ഒടുവിൽ യുപിഎസ്‌സി 2025-ലെ അന്തിമ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 27-ന് അഭിമുഖം പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം വന്നത് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി. ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം ലഭ്യമാണ്.

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഇത്തവണ 958 പേർ അന്തിമ പട്ടികയിൽ ഇടംപിടിച്ചു. ഐഎഎസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലേക്കാണ് നിയമനം. മെറിറ്റ് പട്ടിക വെബ്‌സൈറ്റിൽ പിഡിഎഫ് ആയി ലഭ്യമാണ്. മലയാളി താരം അതിഥി കൃഷ്ണദേവ് 451-ാം റാങ്ക് നേടി ഈ പട്ടികയിൽ ഇടംപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *