ഐഎഎസ് കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതോടെ ഐഎംജി ഡയറക്ടർ സ്ഥാനത്തുനിന്ന് കെ. ജയകുമാറിനും എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനും മാറേണ്ടി വരും. ഐഎഎസ് നിയമനങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കിയ ഈ വിധി സർക്കാരിന് വലിയ തിരിച്ചടിയാണ്.

ഐഎഎസ് അസോസിയേഷനും ബി. അശോക് ഐഎഎസും നൽകിയ ഹർജിയിലാണ് ട്രൈബ്യൂണൽ നടപടി. ബി. അശോകിനെ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് ട്രൈബ്യൂണൽ റദ്ദാക്കി. തദ്ദേശ വകുപ്പ് പരിഷ്കരണ കമ്മീഷനിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ചട്ടപ്രകാരം സർക്കാരിന് പുതിയ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.ഐഎഎസ് കേഡർ തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരെയും വിരമിച്ചവരെയും നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

വിരമിച്ച കെ. ജയകുമാർ ഐഎംജി ഡയറക്ടറായും, ഐപിഎസ് ഉദ്യോഗസ്ഥനായ എം.ആർ. അജിത് കുമാർ എക്സൈസ് കമ്മീഷണറായും തുടരുന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേന്ദ്രം നിശ്ചയിച്ച കേഡർ പദവികളിൽ ഐഎഎസുകാർ അല്ലാത്തവരെ നിയമിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്.

ഐഎഎസ് കേഡർ തസ്തികകളിൽ ഐഎഎസുകാരല്ലാത്തവരെയോ വിരമിച്ചവരെയോ നിയമിക്കരുതെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ഇതോടെ നിലവിൽ അത്തരം പദവികളിലുള്ളവർ മാറേണ്ടി വരും. എന്നാൽ ഇവർ ഇതുവരെ എടുത്ത തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും നിയമസാധുതയുണ്ടാകും.

നിയമനം ഒഴിവാക്കാൻ പദവിയുടെ പേര് മാറ്റരുതെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ച് പുതിയ നിയമനങ്ങൾ നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *