മധ്യേഷ്യയിലെ സംഘർഷം കടുക്കുന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുന്നു. ഇറാൻ-അമേരിക്ക പോരാട്ടം എണ്ണക്കപ്പലുകളെയും റിഫൈനറികളെയും ലക്ഷ്യം വെക്കുന്നതും, നിർണായകമായ ഹോർമുസ് കടലിടുക്ക് അടച്ചതും തിരിച്ചടിയായി. ഇതോടെ ഇന്ധനവിലയും ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകി യുഎസ്. മധ്യേഷ്യയിലെ സംഘർഷം മൂലം എണ്ണവിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ, രാജ്യാന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കാനാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ഈ നീക്കം.

ഇതോടെ കടലിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ ഏറ്റെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.മധ്യേഷ്യയിലെ എണ്ണക്ഷാമവും വിലക്കയറ്റവും നിലനിൽക്കെ, റഷ്യൻ എണ്ണ വാങ്ങാൻ അനുമതി ലഭിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഐഒസി (IOC), ബിപിസിഎൽ (BPCL) തുടങ്ങിയ പൊതുമേഖലാ കമ്പനികൾ ഇതിനായി നീക്കം തുടങ്ങിക്കഴിഞ്ഞു.

എന്നാൽ, ആവശ്യക്കാർ ഏറിയതോടെ റഷ്യൻ എണ്ണയ്ക്ക് ഡിസ്കൗണ്ട് ഇല്ലാതാകുകയും വിപണി വിലയേക്കാൾ 4-5 ഡോളർ അധികം നൽകേണ്ടി വരികയും ചെയ്യുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.നേരത്തെ ബാരലിന് 13 ഡോളർ വരെ ഇളവ് ലഭിച്ചിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ വിപണി വിലയേക്കാൾ കൂടുതൽ നൽകേണ്ടി വരുന്നത് തിരിച്ചടിയാണ്.

എണ്ണവില കുതിച്ചുയർന്നതോടെ ആഗോള ഓഹരി വിപണികൾ തകർന്നു; യുഎസിലെ ഡൗ ജോൺസ് 870 പോയിന്റും നാസ്ഡാക് ഉൾപ്പെടെയുള്ള സൂചികകളും ഇടിഞ്ഞു.ബ്രെന്റ് ക്രൂഡ് ബാരലിന് 84.45 ഡോളറിലേക്കും യുഎസ് ക്രൂഡ് 79.76 ഡോളറിലേക്കും കുതിച്ചുയർന്നത് ആഗോള വിപണികളെ പിടിച്ചുലച്ചു.

ഇന്ധനവില വർധനയെത്തുടർന്ന് യുഎസ് ഓഹരി വിപണി കൂപ്പുകുത്തുകയും അമേരിക്കയിൽ പെട്രോൾ വില നാല് വർഷത്തെ ഉയർന്ന നിരക്കിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പം ഉയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായേക്കാം.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് എണ്ണവില കുതിച്ചുയരുകയും എൽ.പി.ജി, സി.എൻ.ജി തുടങ്ങിയവയ്ക്ക് ക്ഷാമഭീഷണി ഉയരുകയും ചെയ്തു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന യുഎഇയുടെ മർബൻ ക്രൂഡിന് 16% വില വർധിച്ചത് ആഭ്യന്തര വിപണിയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

ഇന്ധനക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.ടാങ്കർ വാടക 40,000 ഡോളറിൽ നിന്ന് 3 ലക്ഷം ഡോളറിലേക്ക് കുതിച്ചുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *