രജിനികാന്തിന്റെ കടുത്ത ആരാധകനായ സഞ്ജു സാംസൺ തന്റെ കുട്ടിക്കാലത്തെ രണ്ട് വലിയ ആഗ്രഹങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. അഞ്ചാം വയസ്സിൽ രജിനി സാറിനെ കാണണമെന്നും, പത്താം വയസ്സിൽ ഇന്ത്യക്കായി കളിക്കണമെന്നുമായിരുന്നു മോഹം. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ സഞ്ജു ഇന്ന് ഈ രണ്ട് സ്വപ്നങ്ങളും സഫലമായതിന്റെ സന്തോഷത്തിലാണ്.
കുട്ടിക്കാലത്ത് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ചെന്നൈയിലെത്തിയപ്പോൾ, രജിനി സാറിന്റെ വീട്ടിൽ പോകണമെന്ന് വാശിപിടിച്ച് സഞ്ജു വലിയ ബഹളം വെച്ചു. അഞ്ചാം വയസ്സിലെ ആ കുട്ടിത്തം നിറഞ്ഞ ഓർമ്മകൾ സഞ്ജുവിന്റെ മാതാപിതാക്കളാണ് പിന്നീട് പങ്കുവെച്ചത്.
അച്ഛന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ എന്നെങ്കിലും രജിനി സാറിനെ കാണുമെന്ന് സഞ്ജു ഉറച്ചുവിശ്വസിച്ചു. ഇന്ത്യൻ ടീമിലെത്തിയ ശേഷം ചെന്നൈയിൽ കളിക്കാൻ പോയപ്പോഴെല്ലാം അതിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടന്നില്ല.
തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ “ഇനി കാണണ്ട” എന്ന് സഞ്ജു നിരാശയോടെ തീരുമാനിച്ച നിമിഷം വരെയെത്തി കാര്യങ്ങൾ.ഐ.പി.എൽ ഫൈനലിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി സഞ്ജുവിനെ തേടി ആ ഫോൺ കോളെത്തി; സാക്ഷാൽ രജനികാന്ത്! സഞ്ജുവിന്റെ കളി തനിക്കും പേരക്കുട്ടികൾക്കും ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞു.
സർപ്രൈസ് കേട്ട് അമ്പരന്ന സഞ്ജുവിന് ‘ആമ സാർ’ (അതെ സാർ) എന്ന് മാത്രമേ മറുപടി നൽകാനായുള്ളൂ. പിന്നീട് രജനി സഞ്ജുവിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.2023-ൽ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിലെത്തി സഞ്ജു സാംസൺ അദ്ദേഹത്തെ കണ്ടത് വലിയ വാർത്തയായിരുന്നു. “
ഏഴാം വയസ്സിൽ രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു, 21 വർഷത്തിന് ശേഷം ആ സ്വപ്നം സഫലമായി” എന്നാണ് സഞ്ജു അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. തന്റെ ജീവിതത്തിലെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ നേടിയെടുത്ത സഞ്ജുവിന്റെ ഈ യാത്ര ഇന്ന് ആരാധകർക്ക് വലിയ പ്രചോദനമാണ്.
