നാളെ രാത്രി ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. എന്നാൽ ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ കഴിഞ്ഞകാല പ്രകടനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്; 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോടും, ഈ ടൂർണമെന്റിലെ സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോടും ഇന്ത്യ ഇവിടെ പരാജയപ്പെട്ടിരുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ബാറ്റിംഗ് ദുഷ്കരമാക്കിയിരുന്ന കറുത്ത മണ്ണിന് പകരം, ഫൈനലിനായി ചുവന്ന മണ്ണ് കൂടുതൽ ചേർത്ത മിക്സഡ് സോയിൽ പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഇത് ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.ചുവന്ന മണ്ണ് കൂടുതലുള്ള ഇത്തരം ട്രാക്കുകളിൽ നല്ല ബൗൺസ് ലഭിക്കുന്നത് ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ സഹായകമാകും. ബൗളർമാർക്ക് പിച്ചിൽ നിന്ന് പിന്തുണ ലഭിക്കുമെങ്കിലും കാര്യമായ സ്വിങ് പ്രതീക്ഷിക്കാനാവില്ല.
മുംബൈ സെമി ഫൈനലിലേതിന് സമാനമായ, ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഫൈനലിനായി ഒരുങ്ങുന്നത്. അതിനാൽ 200 റൺസിനടുത്ത് സ്കോർ പ്രതീക്ഷിക്കുന്ന ഈ മത്സരത്തിൽ, ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ കരുതുന്നു.
