ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള വിവാദങ്ങൾ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും പത്തനാപുരത്ത് ഇത്തരം കഥകൾ വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
“തനിക്ക് ഒരാളോടല്ല, ഒരായിരം പേരോട് പ്രണയമുണ്ടാകാം” എന്ന് പരിഹസിച്ച അദ്ദേഹം, വ്യക്തിജീവിതവും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്നും തനിക്ക് എപ്പോഴും വീട്ടിൽ തന്നെയാണ് ശത്രുക്കളെന്നും കൂട്ടിച്ചേർത്തു.
വ്യക്തിജീവിതത്തിലെ ആരോപണങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്നും തനിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്ര അധഃപതനമില്ലെന്നും മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു.
മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഇടപെടൽ മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ്. ഇത്തരം വിവാദങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുകയേയുള്ളൂവെന്നും, നന്മ ചെയ്തിട്ടുണ്ടെങ്കിൽ ജനം കൂടെ നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ സംഘടനയിലെ പദവി രാജിവെക്കാൻ തയ്യാറാണെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.
സുകുമാരൻ നായരുടെ നിഴലായി കൂടെനിൽക്കണമെന്ന പിതാവിന്റെ ഉപദേശം താൻ പാലിക്കുമെന്നും, പത്തനാപുരം താലൂക്ക് യൂണിയന്റെ കസേരയിൽ ഇരിക്കുന്നു എന്നല്ലാതെ അതിന്റെ നിയന്ത്രണം ജനറൽ സെക്രട്ടറിക്കാണെന്നും മന്ത്രി വ്യക്തമാക്കി.
