ആഫ്രിക്കൻ രാജ്യമായ എറിത്രിയ (Eritrea) വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതോടെ മാഞ്ചസ്റ്ററിലേക്കുള്ള ഇൻഡിഗോ വിമാനം 12 മണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി.
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന മറ്റൊരു വിമാനം ഇതേ കാരണത്താൽ ഈജിപ്തിലെ കെയ്‌റോയിലേക്ക് വഴിതിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ആഫ്രിക്കൻ പാതയിലൂടെയുള്ള യാത്രയ്ക്കിടെ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണം.
പശ്ചിമേഷ്യൻ യുദ്ധം കാരണം ആഫ്രിക്ക വഴിയുള്ള ദൈർഘ്യമേറിയ പാതയിലൂടെയാണ് വിമാനം പറന്നത്. നോർവീജിയൻ കമ്പനിയായ നോർസ് അറ്റ്ലാന്‍റിക്കിൽ നിന്ന് വാടകയ്‌ക്കെടുത്ത ബോയിങ് 787-9 വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.
എന്നാൽ ഈ വിമാനം ഇൻഡിഗോയുടെ കോഡിൽ (Call Sign) പറന്നത് എറിത്രിയൻ വ്യോമാധികൃതരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ അനുമതി നിഷേധിക്കപ്പെടുകയും 12 മണിക്കൂർ പറന്ന വിമാനം പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചിറക്കേണ്ടി വരികയും ചെയ്തു.
