ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കേരളത്തിൽ നിന്നുള്ള ദുബായ് കയറ്റുമതി സ്തംഭിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പലുകൾക്ക് പോലും ചരക്ക് തിരിച്ചിറക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ചരക്കുകൂലി മൂന്നിരട്ടിയായി വർധിച്ചതും തുറമുഖങ്ങളിൽ കോടികളുടെ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നതും വ്യാപാരികളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കയറ്റുമതി മേഖലയിൽ ചരക്കുകൂലി 300% വരെ വർധിച്ചത് കനത്ത തിരിച്ചടിയാകുന്നു. മുൻപ് 1000 ഡോളറായിരുന്ന കണ്ടെയ്നർ വാടക വിവിധ ഷിപ്പിങ് കമ്പനികൾ ഇപ്പോൾ 2000 മുതൽ 3000 ഡോളർ വരെയായാണ് ഉയർത്തിയിരിക്കുന്നത്.
ഈ ഭീമമായ വർധന വ്യാപാരികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.തുറമുഖങ്ങളിൽ ചരക്ക് കുടുങ്ങിയതോടെ തൽക്കാലം കയറ്റുമതി വേണ്ടെന്ന് ബയർമാർ അറിയിച്ചു.
തിരിച്ചിറക്കിയ കാർഗോ കുന്നുകൂടിയതോടെ രാജ്യത്തെ തുറമുഖങ്ങൾ കടുത്ത ഞെരുക്കത്തിലാണ്. പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്കിന് പകരം ഫുജൈറ, ഖോർ ഫക്കാൻ തുറമുഖങ്ങൾ ഉപയോഗിക്കാമെന്ന് ഡിപി വേൾഡ് (DP World) നിർദ്ദേശിച്ചിട്ടുണ്ട്.
