നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാർച്ച് 11, ബുധനാഴ്ച) കൊച്ചിയിലെത്തും. പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെയാകും എൻഡിഎ പ്രധാനമന്ത്രിയെ സ്വീകരിക്കുക.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മഹാറാലിയിൽ ബിഡിജെഎസ്, ട്വന്റി 20 തുടങ്ങിയ സഖ്യകക്ഷികൾ ഉൾപ്പെടെ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. ‘മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് എൻഡിഎ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്.
നാളെ (ബുധനാഴ്ച) രാവിലെ 11.30-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി, മറൈൻ ഡ്രൈവിലെ ധീവരസഭ സമ്മേളനത്തിന് ശേഷം കലൂർ സ്റ്റേഡിയത്തിലെത്തും. അവിടെ പതിനായിരങ്ങൾ അണിനിരക്കുന്ന റോഡ് ഷോയ്ക്കും കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനും ശേഷം എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം സംസാരിക്കും.
ബിഡിജെഎസ്, ട്വന്റി 20 ഉൾപ്പെടെ 12 സഖ്യകക്ഷികളുടെ നേതാക്കൾ പങ്കെടുക്കുന്ന ഈ വേദിയിൽ വച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യും.
തുടർന്ന് 2.30-ന് അദ്ദേഹം കൊച്ചിയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും. പ്രവർത്തകർക്കായി സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബിജെപി നേതൃത്വം അറിയിച്ചു.
മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിന്റെ വികസനരേഖ ഉൾക്കൊള്ളുന്ന പ്രകടനപത്രിക പ്രധാനമന്ത്രി കൊച്ചിയിൽ വച്ച് ഔദ്യോഗികമായി പുറത്തിറക്കിയേക്കും.
