ഇറാൻ യുദ്ധം നീളുന്നതിനിടെ രാജ്യത്ത് പാചകവാതക ക്ഷാമം അതീവ രൂക്ഷമായി. എൽപിജി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവെച്ചു. അടിയന്തരമല്ലാത്ത മേഖലകളിൽ വിതരണം തടയാൻ എൽപിജി ഫെഡറേഷൻ നിർദേശം നൽകി.
ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് സിലിണ്ടർ വിതരണത്തിൽ മുൻഗണന നൽകും. ഗാർഹിക സിലിണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ലെങ്കിലും ബുക്കിംഗിൽ നിയന്ത്രണം തുടരും. ഹോട്ടലുകൾ ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ കർശന നിരീക്ഷണം ഏർപ്പെടുത്തും.
ഗ്യാസ് ക്ഷാമം മൂലം മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. മുംബൈയിൽ മാത്രം 20 ശതമാനത്തോളം ഹോട്ടലുകൾ പൂട്ടിയതായാണ് റിപ്പോർട്ട്. കേരളത്തിലും സമാനമായ രീതിയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.
