ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ പകുതിയോളവും വിനാശകരമായ ക്ലസ്റ്റർ ബോംബുകളാണെന്ന് റിപ്പോർട്ട്. യുദ്ധം പത്തുദിവസം പിന്നിടുമ്പോൾ ജനവാസമേഖലകളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഒരു വലിയ മിസൈലിൽ നിന്ന് നൂറുകണക്കിന് ചെറുബോംബുകൾ ചിതറിത്തെറിക്കുന്നതിനാൽ ഇവയെ തടയുക പ്രായോഗികമായി ബുദ്ധിമുട്ടാണ്.ആകാശത്തുവെച്ച് പൊട്ടിത്തെറിച്ച് നൂറുകണക്കിന് ചെറിയ ബോംബുകളെ (bomblets) വലിയൊരു പ്രദേശത്തേക്ക് ചിതറിക്കുന്ന മാരകായുധമാണ് ക്ലസ്റ്റർ ബോംബുകൾ.
രാത്രിയിൽ ഓറഞ്ച് തീഗോളങ്ങൾ പോലെ കാണപ്പെടുന്ന ഇവയെ ഒരുമിച്ച് തടയുക എന്നത് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് അസാധ്യമാണ്.
ഇറാൻ വിക്ഷേപിക്കുന്ന മിസൈലുകളിൽ പകുതിയും ക്ലസ്റ്റർ ബോംബുകളാണെന്ന് ഇസ്രായേൽ സൈന്യം ആരോപിക്കുന്നു. നാശനഷ്ടങ്ങൾ സാധാരണയായി വെളിപ്പെടുത്താറില്ലെങ്കിലും, പൊട്ടിത്തെറിക്കാത്ത ബോംബുകൾ സാധാരണക്കാർക്ക് ഭീഷണിയായതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
ഷെൽട്ടറുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ഇത്തരം അവശിഷ്ടങ്ങൾ തൊടരുതെന്ന് സൈനിക വക്താവ് നദവ് ഷോഷാനി മുന്നറിയിപ്പ് നൽകി.
